സാമൂഹ്യ-സാംസ്കാരിക ചരിത്രം
മഹാശിലായുഗകാലത്തെ ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുള്ളതില്‍ നിന്നും സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ ഈ പ്രദേശത്തു ജനവാസമുണ്ടായിരുന്നതായി മനസിലാക്കാം. സംഘകാല കൃതികളില്‍ പോലും അടൂരിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. സംഘകാലത്തിനു ശേഷം ഈ പ്രദേശം ബുദ്ധമത സംസ്കാരത്തിന്റെ സ്വാധീനത്തിലായി. നൂറ്റാണ്ടുകളോളം ഇവിടെ നിലനിന്ന ബുദ്ധമതത്തെ തകര്‍ത്തെറിഞ്ഞുകൊണ്ട്, പില്ക്കാലത്ത് ആര്യാധിനിവേശവും, ഹൈന്ദവമതവും ആധിപത്യം സ്ഥാപിച്ചു. എ.ഡി 8-ാം നൂറ്റാണ്ടു മുതല്‍ 12-ാം നൂറ്റാണ്ടു വരെ മഹോദയപുരം ആസ്ഥാനമാക്കി, കേരളം ഭരിച്ചിരുന്ന ചേരന്മാരുടെ കാലത്ത്, അര്‍ദ്ധ സ്വയംഭരണത്തോടു കൂടിയ ചെങ്കഴന്നൂര്‍ അഥവാ ചെന്നീര്‍ക്കര നാടിന്റെ അധികാര പരിധിയിലായിരുന്നു ഈ പ്രദേശം. നൂറ്റാണ്ടുകള്‍ക്കു മുമ്പ്, പണം കൈപ്പറ്റിക്കൊണ്ട് കൊട്ടാരക്കര ഇളയിടത്തു സ്വരൂപം (കൊട്ടാരക്കര രാജവംശം) വാക്കവഞ്ഞിപ്പുഴ മഠത്തിലേക്ക്, ഇന്നത്തെ അടൂര്‍ പ്രദേശം അട്ടിപ്പേറായി നല്കുകയുണ്ടായി. അട്ടിപ്പേറായി നല്കിയ ദേശം എന്ന അര്‍ത്ഥത്തിലുള്ള “അടു”, “ഊര് ” എന്നീ രണ്ടു ദ്രാവിഡ സംജ്ഞകളില്‍ നിന്നാണ് അടൂര്‍ എന്ന സ്ഥലനാമം ഉണ്ടായതെന്ന് അനുമാനിക്കപ്പെടുന്നു. എ.ഡി 1741-ല്‍ വേണാട്ടിലെ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ഇളയിടത്ത് സ്വരൂപത്തെ തിരുവിതാംകൂറിനോട് കൂട്ടിച്ചേര്‍ക്കുന്നതു വരെ അടൂര്‍ ദേശം ഇളയിടത്ത് സ്വരൂപത്തിന്റെ വകയായിരുന്നു. തുടര്‍ന്ന് സ്വാതന്ത്ര്യലബ്ധിയ്ക്കു മുമ്പുവരെ ഈ പ്രദേശം തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. 1934-ല്‍ എസ്എന്‍ഡിപി യോഗത്തിന്റെ മന്ദിര ശിലാസ്ഥാപനം നിര്‍വ്വഹിക്കാന്‍ മഹാത്മാഗാന്ധി അടൂരിലെത്തിയിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി, 1940-ല്‍ അടൂരില്‍ വെച്ചും 1941-ല്‍ പറക്കോട് വെച്ചും നിരോധനം ലംഘിച്ചുകൊണ്ട് രണ്ടു പ്രമുഖ യോഗങ്ങള്‍ നടന്നു. പി.രാമലിംഗം, നെല്ലിമൂട്ടില്‍ ഫിലിപ്പോസ് മുതലാളി, പുഷ്ത്തടം ആര് രാഘവന് , റ്റി എന്‍ ഗോപാലപിള്ള, കെ.എസ്.പരമേശ്വരന് പിള്ള, പി.ഗോവിന്ദപിള്ള തുടങ്ങിയവര്‍ ദേശീയപ്രസ്ഥാനത്തിന്റെ ഈ പ്രദേശത്തെ പ്രധാന പ്രവര്‍ത്തകരായിരുന്നു. 1914-ല്‍ സ്ഥാപിക്കപ്പെട്ട അടൂര്‍ മലയാളം സ്കൂള്‍ (അടൂര്‍ ഗവ: യു.പി.എസ്.) ആണ് ഈ പ്രദേശത്തെ ആദ്യത്തെ വിദ്യാലയം. എന്‍ എസ് എസ്, എസ്എന്‍ഡിപി എന്നീ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഈ നാടിന്റെ സാമൂഹിക വളര്‍ച്ചയില്‍ ഏറെ പങ്കു വഹിച്ചിട്ടുണ്ട്. 1941 മുതല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഈ പ്രദേശത്ത് പ്രവര്‍ത്തിച്ചുതുടങ്ങി. 1951-ല്‍ ട്രേഡ് യൂണിയന് പ്രസ്ഥാനങ്ങള്‍ സജീവമായി. തിരുവിതാംകൂറിലെ ദിവാനായിരുന്ന രാജാകേശവദാസന്‍ സ്ഥാപിച്ച പറക്കോട് അനന്തരാമപുരം മാര്‍ക്കറ്റ് തിരുവിതാംകൂറിലെ വാണിജ്യത്തിന്റെ സിരാകേന്ദ്രമായിരുന്നു. സംസ്ഥാനത്തിലെ പ്രധാന ഗതാഗതപാതയായ എം.സി റോഡ് ഈ പ്രദേശത്തു കൂടി കടന്നുപോകുന്നുണ്ട്. പന്നിവിഴ ദേവീക്ഷേത്രം, കണ്ണംകോട് സുറിയാനിപ്പള്ളി, കണ്ണംകോട് മുസ്ലീംപള്ളി എന്നിവയാണ് ഈ മുനിസിപ്പാലിറ്റിയിലെ ഏറ്റവും പഴക്കം ചെന്ന ആരാധനാലയങ്ങള്‍ . അടൂര്‍ തിരുഹൃദയപ്പള്ളി, കണ്ണംകോട് ഓര്‍ത്തഡോക്സ് പള്ളി എന്നിവയാണ് മറ്റ് പ്രധാന ആരാധനാലയങ്ങള്‍ .